
ദോഹ:കൊടുംവേനലിൽ എയർ കണ്ടീഷൻ ചെയ്ത മെട്രോ സ്റ്റേഷനുകളിൽ നിന്നും ബസുകളിൽ നിന്നും പുറത്തേക്കിറങ്ങുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാകാൻ 'തണൽവഴികൾ' (Shaded routes) എന്ന ആശയം ശക്തിപ്പെടുത്തുന്നു. പൊതുഗതാഗത സൗകര്യങ്ങളായ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയെ മറ്റ് പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന കാൽനട-സൈക്കിൾ പാതകളിൽ തണൽ ലഭ്യമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അധികൃതർ.
ഖത്തർ നാഷണൽ മാസ്റ്റർ പ്ലാനിന് കീഴിലുള്ള 'ദോഹ മുനിസിപ്പാലിറ്റി വിഷൻ ആൻഡ് ഡെവലപ്‌മെന്റ് സ്ട്രാറ്റജി'യിൽ ഇതിനകം തന്നെ ഈ പദ്ധതിക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും യാത്ര കൂടുതൽ സുഖകരമാക്കാൻ പ്രധാന പൊതുഗതാഗത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 'തണൽ പാതകളുടെ ശൃംഖല' (Network of shaded routes) നിർമ്മിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.ചൂടുകൂടിയ കാലാവസ്ഥയുള്ള നഗരങ്ങളിൽ തണൽ എന്നത് കേവലം ഒരു അലങ്കാരമല്ല, മറിച്ച് പൊതുവിടങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനുള്ള അടിസ്ഥാന ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉച്ചവെയിലിൽ നിന്ന് സംരക്ഷണം നൽകാൻ ഇത്തരം തണൽവഴികൾക്ക് സാധിക്കുന്നുണ്ട്.
മെട്രോ സ്റ്റേഷനുകളിൽ നിന്നിറങ്ങി ലക്ഷ്യസ്ഥാനങ്ങളിലേക്ക് നടന്നുപോകുന്ന ഏതാനും നൂറ് മീറ്ററുകൾ സഞ്ചരിക്കാനാണ് യാത്രക്കാർ വേനൽക്കാലത്ത് ഏറെ പ്രയാസപ്പെടുന്നത്. ഉയരം കൂടിയ കെട്ടിടങ്ങൾ നൽകുന്ന തണലും വഴിയോരത്തെ മരങ്ങളും ഒരുപരിധി വരെ സഹായകരമാണെങ്കിലും കൂടുതൽ തണൽപ്പാതകളും എയർകണ്ടീഷൻ ചെയ്ത ബസ് കാത്തിരിപ്പുക കേന്ദ്രങ്ങളും നിർമ്മിക്കുന്നത് യാത്രക്കാർക്ക് വലിയ ഉപകാരപ്പെടുമെന്ന് ദോഹയിലെ താമസക്കാർ അഭിപ്രായപ്പെടുന്നു.
ദോഹ മെട്രോയും കവർ ചെയ്ത കാൽനടപ്പാതകളും പരമാവധി പ്രയോജനപ്പെടുത്തി സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ പലരും മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ട്. വേനൽക്കാലത്തും ദോഹയിലെ പ്രധാന ഷോപ്പിംഗ് മാളുകളിലേക്കും മറ്റ് വിനോദകേന്ദ്രങ്ങളിലേക്കും സുരക്ഷിതമായി യാത്ര ചെയ്യാൻ മെട്രോ നെറ്റ്‌വർക്ക് ഏറെ ഉപകരിക്കുന്നുണ്ടെന്ന് ദോഹ നിവാസികൾ സാക്ഷ്യപ്പെടുത്തുന്നു.











